DECISION

DECISION  ( A Series by iamchandruss )

 ഭാഗം ഒന്ന് :The Beginning 

              ഈ ഭൂമിയിൽ അരങ്ങേറുന്ന ഓരോ സംഭവങ്ങൾക്കുപിന്നിലും ചിലപ്പോൾ രഹസ്യങ്ങളുടെ ഒരു കലവറതന്നെ കാണപ്പെട്ടേക്കാം. സംഭവിക്കുന്നതെന്തോ അത് ശരിയാണെന്നോ തെറ്റാണെന്നോ വിലയിരുത്താൻ ഒരു പക്ഷെ നമുക്ക് കഴിയാതെ വന്നേക്കാം.കുറച്ചു വ്യക്തികൾ ഇതിനെ ശരിയെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ മറ്റ് ചിലർ ഇതിനെ തെറ്റെന്ന് വ്യാഖ്യാനിക്കാൻ ഇഷ്ടപെട്ടേക്കാം. 
 
അഞ്ചുവർഷത്തെ പത്രപ്രവർത്തനത്തിൽ വളരെയധികം സംഭവങ്ങൾക്ക് ഞാൻ ദൃക്സാക്ഷിയായി. ഒരു പക്ഷെ അതിൽ കൂടുതൽ വാര്‍ത്തകൾ എന്റെ തൂലികയാൽ സൃഷ്ടിക്കപ്പെട്ടു. ഇന്നും എന്റെ മനസ്സിൽ ആ പേര് ഒരടയാളമായി നിലനില്ക്കുന്നു. മറക്കാൻ മനസ്സുകൊണ്ട് ഞാൻ പലതവണ ശ്രമിച്ചു. എന്നാൽ എന്റെ ഓരോ ശ്രമവും പരാജയത്തിൽ വന്നുഭവിക്കുകയാണുണ്ടായത്. ഉദയൻ-ഒരു സൂചിപോലെ ഏന്റെ ഹൃദയത്തെ കുത്തിനോവിക്കുന്ന ആ പേര്. 

അവനെ ഞാൻ പരിചയപ്പെട്ടത്  ഒരു ഇന്റർവ്യൂവിന് വേണ്ടിയായിരുന്നു. എന്റെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ ഉത്തരം പറയുന്ന ചുറുചുറുക്കുള്ള യുവാവ്, അതായിരുന്നു ഉദയൻ.  എന്നാൽ ACP എന്ന പദവി അതിലും ഉയരത്തിലായിരുന്നു. ഈ ഇന്റർവ്യൂവിന് ശേഷം ഞങ്ങൾ പരിചയത്തിലായി. ഇന്ന് വർഷങ്ങൾക്കുശേഷവും എനിക്ക് അവന്റെ മുഖം മറക്കാൻ കഴിഞ്ഞില്ല. 

ജോലിയുമായി ബന്ധപെട്ട് ഞാൻ മിക്കപ്പോഴും അവനെ കാണാറുണ്ടായിരുന്നു. വാര്‍ത്തകൾ സൃഷ്ടിക്കാനുള്ള എന്റെ സ്വകാര്യആഗ്രഹവും ഈ കൂടിക്കാഴ്ചകളിൽ ഒരു പരിധി വരെ അന്തർലീനമായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. അവന്റെ കുടുംബത്തെക്കുറിച്ച് ഞാൻ അന്വോഷിച്ചു.  എന്നാൽ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല എന്നാണ് മറ്റുള്ളവരിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഞങ്ങൾ ഒരു ചർച്ചയ്ക്ക് ഏർപ്പെട്ടിട്ടില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. 

എന്തൊക്കെയായാലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ നഗരത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന ഒരു വ്യക്തിയായി മാറിക്കഴിഞ്ഞിരുന്നു ഉദയൻ.

ഭാഗം രണ്ട് :The Crime

   മാ റ്റങ്ങൾക്ക്  അടിമയാകേണ്ടി വരുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും ദുർബലത തന്നെയാണ്. ഈ മാറ്റങ്ങൾ ഭയത്തിന്റെ ആവരണം സൃഷ്ടിക്കുമ്പോൾ സുരക്ഷയെക്കുറിച്ച് ചിന്തിക്കാൻ ഒരു സമൂഹം തന്നെ നിർബന്ധിതരാകുന്നു. 

ഒരു മാസം കടന്നുപോയി.പിന്നീടുള്ള ഓരോ പ്രഭാതങ്ങളിലും ഞാനടക്കമുള്ള പത്രപ്രവർത്തകർ ഓരോ പൗരനും നൽകിയത് ചുരുളഴിയാത്ത രഹസ്യങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. സാന്ത്വനമേകുന്ന തെന്നലിൽ പോലും ഭീതിയുടെ ദുർഗന്ധം വമിക്കാൻ തുടങ്ങി.  ഞങ്ങൾ സുരക്ഷിതരാണ് എന്ന ഓരോ വ്യക്തിയുടെയും ആത്മധൈര്യം ഭയത്തിന്റെ കുപ്പായം അണിഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഒരു പക്ഷെ പുതുവർഷം ഇതുപോലൊരു രൂപധാരണം നടത്തുമെന്ന് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല. ഈ ദിവസങ്ങളിൽ അസാധ്യമെന്ന് തോന്നിക്കുന്ന മൂന്ന് കൊലപാതകങ്ങൾക്ക് നഗരം സാക്ഷിയായി. 

 കൊല്ലപ്പെട്ടത് നഗരത്തിലെ പ്രമുഖ വ്യവസായി, വക്കീൽ, ഡോക്ടർ എന്നീ പദവികൾ അലങ്കരിക്കുന്ന സമൂഹത്തിലെ മാന്യവ്യക്തികളായതിനാൽ കുറ്റവാളിയെ കണ്ടെത്തുക എന്നത് ഒരു പരിധി വരെ പോലീസിന്റെ സാമർഥ്യത്തിൽ ചോദ്യചിഹ്നമായി മാറി. മൂന്നു ദിവസമായി തുടർന്നുവരുന്ന കൊലപാതക പരമ്പരയെക്കുറിച്ച് രാത്രിയും പകലും അന്വോഷിച്ചിട്ടും കുറ്റവാളിയെക്കുറിച്ച് ഉദയനടങ്ങുന്ന സംഘത്തിന് ഒന്നും തന്നെ കണ്ടെത്താനായില്ല.എന്നാൽ ചില വസ്തുതകൾ ഒരു സീരിയൽ കില്ലറിലേക്ക് വിരൽ ചൂണ്ടി. മൂന്നിടത്തും കുറ്റകൃത്യം നടന്നത് അവരുടെ ഫ്ളാറ്റുകളിൽ വെച്ചായിരുന്നു. നെറ്റിയിൽ വെടിയേറ്റു മരിച്ച അവരുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങൾ ഇല്ലാത്തതിനാൽ സംശയത്തിന്റെ നിഴൽ ബന്ധുക്കളിലേക്കും പരിചയക്കാരിലേക്കും നീങ്ങി. 

  ഒരു പത്രപ്രവർത്തകനായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ എന്റെ ജീവിതത്തിൽ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. പോലീസിനെക്കാളും അന്വോഷണത്വരയും വാര്‍ത്തകൾക്ക് മുന്നിൽ വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവും സ്വകാര്യ അഹങ്കാരമായി കാണുന്നവരാണ് ഞങ്ങളിൽ ചിലരെങ്കിലും. ഞങ്ങളുടെ ജോലിയിൽ എഫ്.ഐ.ആർ. എഴുതുന്ന സൂക്ഷ്മത ആവശ്യമില്ല എന്നതുതന്നെയാണ് സത്യം. ഉദയന്റെ സുഹൃത്തായതുകൊണ്ട് പോലീസ് സ്റ്റേഷനിൽ കടന്നു ചെല്ലാൻ എനിക്ക് പ്രത്യേക അനുവാദത്തിന്റെ ആവശ്യമില്ലായിരുന്നു. നഗരത്തെ ശാന്തമാക്കിയ സംഭവങ്ങളുടെ യഥാര്‍ത്ഥ്യം അറിയാനും അതിനെ വാര്‍ത്തയാക്കാനുമുള്ള ആഗ്രഹം ഉദയനുമായി സംസാരിക്കുമ്പോൾ എന്റെ മനസ്സിലെവിടെയോ ചിറകുമുളയ്കുന്നുണ്ടായിരുന്നു എന്നതുതന്നെയാണ് വാസ്തവം.

   കേസിനെക്കുറിച്ച് പറയുകയാണെക്കിൽ കാര്യമായ അഥവാ കുറ്റവാളിയെ തിരിച്ചറിയാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ പോലീസിനായില്ല. ഏക ആശ്രയം കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് ലഭിച്ച മൂന്ന് ബുള്ളറ്റുകളായിരുന്നു. ബാലിസ്റ്റിക് റിപ്പോർട്ട് കിട്ടാൻ വൈകുന്നതും അന്വോഷണത്തെ സാരമായി ബാധിച്ചു.  ഇന്ന് നാലാം ദിവസം.കഴിഞ്ഞ മൂന്നു ദിവസം നടന്ന കൊലപാതകങ്ങളും ഇന്ന് നടക്കാൻ സാധ്യതയുള്ളതും കുറച്ച് ഉദ്യോഗസ്ഥരുടെ ദിനചര്യയിൽ ഉറക്കത്തിന് ഒരു താൽക്കാലിക വിരാമം നൽകി. ഉദയന്റെ സംസാരത്തിലും മുഖഭാവത്തിലും 'ഇനി ആര്? 'എന്ന ചോദ്യം ഒരു ആശങ്കയായി മാറിയത് ഞാൻ തിരിച്ചറിഞ്ഞു. നഗരത്തിൽ പുതിയ കേസുകൾ അന്നേ ദിവസം റിപ്പോർട്ട് ചെയ്യപ്പെടാത്തത് ഞങ്ങൾക്ക് പൊരിഞ്ഞ വെയിലിൽ കൈത്തണ്ടയിൽ ഇറ്റുവീഴുന്ന ജലകണികയെപ്പോലെ തെല്ലൊരാശ്വാസം നൽകി.

ഭാഗം മൂന്ന് :The Evidence 

    ന്വോഷണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകമായി തെളിവുകളെ വ്യാഖ്യാനിക്കുന്നത് അതിന്റെ പ്രധാന്യം വർധിപ്പിക്കുക തന്നെ ചെയ്യുന്നു. പലപ്പോഴും ചുരുളഴിയാത്ത കേസുകൾക്ക് വഴിത്തിരിവാകുന്നത് ഈ ഘടകം തന്നെയാണ്. പക്ഷെ തെളിവുകൾ കണ്ടെത്താനും അതിനെ അവലോകനം ചെയ്ത് കുറ്റവാളിയെ കണ്ടെത്താനും എപ്പോഴും കഴിഞ്ഞെന്നുവരില്ല എന്നതുതന്നെയാണ് വാസ്തവം.

     ഈ കേസിൽ തെളിവായി അവശേഷിക്കുന്നത് ബുള്ളറ്റുകൾ മാത്രമായിരുന്നു.അവസാനം ബാലിസ്റ്റിക് റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാം എന്ന തീരുമാനത്തിൽ ഉദയൻ എത്തിച്ചേർന്നു. അന്വോഷണ ഉദ്യോഗസ്ഥരായ റീമയുടെയും രാഘവിന്റെയും തീരുമാനവും ഇതു തന്നെയായിരുന്നു. ഏകദേശം വൈകിട്ട് മൂന്ന് മണിയോടെ ഉദയൻ ഫ്ളാറ്റിലേക്ക് മടങ്ങി. റിപ്പോർട്ട് വരുന്നതുവരെ വിശ്രമിക്കാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. ഞാനും ഓഫീസിലേക്ക് മടങ്ങി. മൂന്നു ദിവസത്തെ വിശ്രമമില്ലാത്ത ജീവിതം ഉദയനെ നന്നേ തളർത്തിയിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ കാഴ്ചകൾ അവന് അവ്യക്തമായി തോന്നി. മനസ്സിലെ വ്യാകുലതകൾ കണ്ണുകളിൽ പുകമറ സൃഷ്ടിച്ചു. ജീവിതത്തിൽ ആദ്യമായി ഫ്ളാറ്റിലെത്താനെടുത്ത സമയത്തിന് ദൈർഘ്യമേറിയതായി അവന് തോന്നി. 

      ഏകദേശം നാലുമണിയോടെ ഉദയൻ ഫ്ളാറ്റിലെത്തി. വാതിൽ തുറന്ന് സോഫയിൽ ഇരുന്നതും നിദ്രയിലേക്ക് അവൻ മെല്ലെ വഴുതിവീണു.ആ മയക്കത്തിലും കേസുമായി ബന്ധപെട്ട വസ്തുതകൾ അവന്റെ മനസ്സിൽ അലയടിച്ചു. തന്റെ കരിയറിനുപോലും വിലങ്ങുതടിയായേക്കാവുന്ന സംഭവങ്ങളുടെ കുരുക്കഴിക്കുക എന്നതു തന്നെയായിരുന്നു അവന്റെ ആത്യന്തിക ലക്ഷ്യം.

      ഈ സമയം പോലീസ് സ്റ്റേഷനിൽ റീമ പഴയ കേസ് ഫയലുകൾ തിരയുകയായിരുന്നു. രാഘവ് ലാബിൽ നിന്ന് കിട്ടിയ ബാലിസ്റ്റിക് റിപ്പോർട്ടുമായി റീമയുടെ അടുത്തെത്തി.ഫയൽ തുറന്ന റീമയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രാഘവിന്റെയും സ്ഥിതി ഇതിൽ നിന്ന് ഭിന്നമായിരുന്നില്ല.

      പാതിമയക്കത്തിൽ കണ്ണുകൾ തുറന്ന ഉദയൻ മുന്നിലിരിക്കുന്ന അതിഥിയെ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ വലതു കൈ സോഫയിലിരിക്കുന്ന തോക്കിനുനേരെ നീങ്ങി.

ഭാഗം നാല് :The Face Off

    രണത്തിനു മുൻപിൽ മനുഷ്യൻ നിസ്സഹായനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനെ ചെറുത്തുനിൽക്കാൻ ആരോഗ്യവാന്മാരായ യുവാക്കൾക്കുപോലും ചിലപ്പോൾ കഴിയാതെ വന്നേക്കാം.ഭീതിജനിപ്പിക്കുന്ന ആ നിമിഷങ്ങളിൽ തളരുന്നവനാണ് ലോകത്തിലെത്തന്നെ ഏറ്റവും ദുർബലനായ വ്യക്തി എന്ന് വേണമെങ്കിൽ നിസ്സംശയം നമുക്ക് പറയാം. 

      ബാലിസ്റ്റിക് റിപ്പോർട്ട്  കിട്ടിയതോടെ കുറ്റവാളിയുടെ ചിത്രം ഏകദേശം വ്യക്തമായി എന്നു തന്നെ പറയാം. സാഹചര്യത്തെളിവുകൾ കേസിനെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുമ്പോൾ അടുത്ത നടപടിയിലേക്ക് നീങ്ങുകയല്ലാതെ അവർക്ക് മുന്നിൽ വേറെ മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.കൂടുതല്ലൊന്നും ചിന്തിക്കാതെ റീമയും രാഘവും ഉദയന്റെ ഫ്ളാറ്റിലേക്ക് പുറപ്പെട്ടു. റിപ്പോർട്ട് നൽകിയ ദുരൂഹത അവർക്കിടയിൽ നിശ്ശബ്ദതയുടെ ഒരു ആവരണം തീർത്തു. മൂന്നു ദിവസമായി നഗരത്തിൽ അലയടിക്കുന്ന ഭീതി അവരുടെ വാഹനത്തിന്റെ വേഗം ഓരോ നിമിഷത്തിലും വർധിപ്പിച്ചുകൊണ്ടിരുന്നു.

    എന്നാൽ ആ ഭീതി ഇപ്പോൾ തന്റെ കണ്ണുകളിൽ നിഴലിക്കുന്നതായി ഉദയൻ തിരിച്ചറിഞ്ഞു. അപരിചിതന്റെ കൈയിലിരിക്കുന്ന തോക്കു കണ്ടതോടെ തന്റെ ശ്രമം വിഫലമാണെന്ന് അവൻ മനസ്സിലാക്കി. ഓരോ നിമിഷത്തിനും ദൈർഘ്യമേറിയതായി തോന്നി. സമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടുകൂടി തന്റെ ഹൃദയമിടിപ്പുകൾ കൂടുന്നതായി അവന് അനുഭവപ്പെട്ടു.ചലനമറ്റ ശരീരം പോലെ ഉദയൻ അപരിചിതനായ വ്യക്തിക്കുമുന്നിൽ നിസ്സഹായനായി ഇരുന്നു. 

      അയാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചിത്രം പുറത്തെടുക്കുന്നത് ഉദയൻ കണ്ടു.അതിലുണ്ടായിരുന്ന മുഖം തന്നെ കൂടുതൽ തളർത്തുന്നതായി അവൻ മനസ്സിലാക്കി . അപരിചിതന്റെ വാക്കുകൾ മുറിയിലെ നിശ്ശബ്ദതയ്ക്ക് ഒരു താൽക്കാലിക വിരാമമിട്ടു.  
       "हर गुनाह की सज़ा होती है। तुझे भी मिलेगा। जिस खेल को तुमने शुरू किया था उसको अंजाम मैं दूँगा । ......and this is the most waiting end of your game."
        അപരിചിതന്റ കൈയിലിരിക്കുന്ന തോക്ക് തന്റേതാണെന്ന് അവൻ തിരിച്ചറിഞ്ഞു. നിരവധി അപരാധികളുടെ ജീവനെടുത്ത തോക്കിന്റെ ലക്ഷ്യം ഇന്ന് താനാണെന്ന് അറിഞ്ഞപ്പോൾ ഉദയന് തന്റെ സമനില തെറ്റുന്നതുപോലെ തോന്നി. 

ഭാഗം അഞ്ച് :The Origin 

   ഓ രോ കുറ്റകൃത്യങ്ങൾക്ക് പിന്നിലും പലപ്പോഴും പ്രതികാരത്തിന്റെ ഒരംശം നിഴലിക്കുന്നതായി ഈയിടെ ചർച്ച ചെയ്യപ്പട്ട വാര്‍ത്തകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രമുഖ അപസർപ്പക നോവലുകൾക്ക് അടിസ്ഥാനവും ഇതുതന്നെ. സ്ത്രീ,സമ്പത്ത് എന്നിവയോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം മിക്ക കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു എന്ന വസ്തുത എവിടെയോ വായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

      ആറ് വർഷങ്ങൾക്ക് മുമ്പ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാർത്ത ഇതെഴുതുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നുവന്നു . അതുമായി നഗരത്തിൽ ഭീതി ജനിപ്പിച്ച കൊലപാതകങ്ങൾക്ക് എന്താണ് ബന്ധമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.അക്കാലങ്ങളിൽ നോർത്ത് ഇന്ത്യയിൽ ആയിരുന്നതുകൊണ്ട് നടന്നതിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിക്കാനേ എനിക്കാവുകയുള്ളൂ.അവിടെ ക്രൈം ജേർണലിസ്റ്റ് ആയ ഞാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളേക്കുറിച്ച് വായിക്കുന്നത് ഒരു ദിനചര്യയാക്കി മാറ്റിയിരുന്നു.

      അന്ന് നഗരത്തിൽ ചർച്ചാവിഷയമായ ഒരു കേസായിരുന്നു റോണിയുടെ കൊലപാതകം.സാജൻ എന്ന വ്യവസായ പ്രമുഖന്റെ മകൻ കിഷോർ ആയിരുന്നു മുഖ്യപ്രതി. എതിരാളിയെ ഇല്ലാതാക്കുക എന്ന സിദ്ധാന്തവും വ്യാപാരത്തിലെ മത്സരബുദ്ധിയും റോണിയുടെ കൊലപാതകത്തിന് കാരണമായി. കിഷോർ അറസ്റ്റ് ചെയ്യപ്പെട്ടു . റോണിയുടെ പിതാവ് കിഷോറിന് കടുത്ത ശിക്ഷ തന്നെ കിട്ടണമെന്ന് ആഗ്രഹിച്ചു. നഗരത്തിലെതന്നെ അറിയപ്പെടുന്ന വക്കീൽ പോൾസണെ അദ്ദേഹം ഇതിനായി നിയോഗിച്ചു. ആദ്യദിവസത്തെ കേസ് വിസ്താരത്തിനുശേഷം റോണിക്ക് നീതികിട്ടുമെന്ന് തന്നെ വാർത്താമാധ്യമങ്ങൾ വിധിയെഴുതി.എല്ലാവരും ഉറ്റുനോക്കുന്ന കേസായതുകൊണ്ട് ജനങ്ങളെ തൃപ്തിപ്പെടുത്താൻ മാധ്യമപ്രവർത്തകരും പരമാവധി ശ്രമിച്ചു. 

         അന്നത്തെ കോടതി നടപടികൾക്കുശേഷം പോൾസൺ എത്തിയത് ഏത് വസ്തുവിനും സൂക്ഷ്മതയോടെ വിലപറയുന്ന ഒരു വ്യാപാരിയുടെ അടുത്തായിരുന്നു.

ഭാഗം ആറ് :The Deal

      പ ണമെന്നത് അക്കങ്ങളാണെങ്കിലും അതേ അക്കങ്ങൾ ചിലപ്പോൾ മനുഷ്യരെപ്പോലും വിലക്കുവാങ്ങാൻ പ്രാപ്തിയുള്ളവയാണ്. ഇതിന്റെ പ്രലോഭനത്തിൽ തെളിവുകളും സാക്ഷികളും മാറ്റത്തിന് വിധേയമാകുമ്പോൾ ചിലര്‍ക്ക് നഷ്ടപ്പെടുന്നത് അവർക്ക് ലഭിക്കേണ്ടിയിരുന്ന നീതി തന്നെയാണ്. ധനം മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന കാലം വരെ ഈ ചിന്താഗതിക്ക് മാറ്റമുണ്ടാവാൻ സാധ്യത നന്നേ കുറവാണ്. 


      പോൾസണിനെ അവിടെ കാത്തിരുന്നത് മകന്റെ ജീവിതത്തിനായി യാചിക്കുന്ന ഒരച്ഛനായിരുന്നു.മദ്യസൽക്കാരത്തിലൂടെയും ലക്ഷങ്ങളുടെ പ്രലോഭനത്തിലൂടെയും എതിർ ഭാഗം വക്കീലായ പോൾസണെ അനുനയിപ്പിക്കാൻ സാജന് കഴിഞ്ഞു. വാഗ്ദാനങ്ങൾ ശിരസ്സാവഹിച്ച് സ്വന്തം കക്ഷിയെ ചതിക്കാൻ ആ പ്രഗത്ഭനായ അഭിഭാഷകൻ തയാറായി.നീതിക്കുവേണ്ടി അണിയുന്ന കറുത്ത കോട്ടിന്റെ മൂല്യം ലക്ഷങ്ങൾക്കുമുന്നിൽ അല്പമൊന്നു ചെറുതായതായി അയാൾ മനസ്സിലാക്കി. 

      ഏതൊരന്യായത്തിനും ഒരു ദൃക്സാക്ഷിയുണ്ടാകും.വിശ്വാസികൾ ഒരു പക്ഷെ അവനെ ദേവദൂതനെന്ന് വിശേഷിപ്പിക്കാൻ തയാറാകും. എന്തെന്നാൽ ഇതേ ദൃക്സാക്ഷി സത്യത്തിന്റെ ഭാഗം ചേര്‍ന്നാൽ ഒരു പക്ഷെ ചുരുളഴിയാത്ത രഹസ്യങ്ങൾ അടങ്ങിയിരിക്കുന്ന അപൂർണമായ കേസ് ഫയലുകൾക്ക് വിരാമമായേക്കാം.

        ജനലിനുപുറത്ത് തങ്ങളെ വീക്ഷിക്കുന്ന പരിചിതമായ മുഖം കണ്ട് സാജന്റെയും പോൾസന്റെയും മനസ്സിൽ അനേകം ചോദ്യശകലങ്ങൾ ധാരയായി പ്രവഹിച്ചു. 

ഭാഗം ഏഴ് :The Witness

       പ ത്രപ്രവർത്തകർ ചിലപ്പോഴൊക്കെ സ്വകാര്യകുറ്റാന്വോഷകരായും മാറാറുണ്ട്. വാര്‍ത്തകളുടെ ജനപ്രിയതകൂട്ടാൻ ഒരു പരിധിവരെ ഈ രൂപമാറ്റം സഹായിക്കാറുമുണ്ട്.സംശയാസ്പദമായ സാഹചര്യങ്ങൾ അവരിൽ നിരീക്ഷണപാടവം വർധിപ്പിക്കുക തന്നെ ചെയ്യും.

       റോണിയുടെ കൊലപാതകം വാര്‍ത്താപ്രാധാന്യം നേടിയ കേസായതുകൊണ്ട് ഇതുമായി ബന്ധപെട്ട എല്ലാ വ്യക്തികളും തുടക്കം മുതലേ മാധ്യമങ്ങളുടെ നിരീക്ഷണ വലയത്തിലായിരുന്നു. പോൾസന്റെ കാർ സാജന്റെ ആഡംബരബംഗ്ളാവിലേക്ക് കടന്നുപോയത് ഈ കേസ് റിപ്പോർട്ട് ചെയ്യുന്ന സുധീപ് എന്ന ജേർണലിസ്റ്റിന് മുന്നിലൂടെയായിരുന്നു. ഇത് അവനിൽ സൃഷ്ടിച്ച ജിജ്ഞാസ കുറച്ചൊന്നുമല്ലായിരുന്നു.

      നിജസ്ഥിതി അറിയാൻ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് സുധീപ് ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്നു. കോൺഫറൻസ് റൂം കണ്ടുപിടിക്കാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ജനൽപാളി മെല്ലെതുറന്ന് അകത്തു നടന്ന വിലപേശൽ അവൻ സസൂഷ്മം നിരീക്ഷിച്ചു.എന്നാൽ അപ്രതീക്ഷിതമായി സാജന്റെ ദൃഷ്ടി അവനിൽ പതിഞ്ഞു. 

      പിടിക്കപ്പെട്ടവനന്റെ ഭയം സുധീപിനെ വേട്ടയാടാൻ തുടങ്ങി. അവൻ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സെക്യൂരിറ്റിയെ ഇത്തവണ അവന് കബളിപ്പിക്കാനായില്ല. മൂന്നു പേരുടെയും പ്രഹരമേറ്റ് സുധീപ് അവശനായി. തന്റെ മുന്നിലുള്ളവരുടെ മുഖം അവന് അവ്യക്തമായി തോന്നി. സാജൻ ഉടൻ തന്നെ സ്ഥലം എസ്.ഐ. യെ ഫോണിൽ വിളിച്ചു. 

ഭാഗം എട്ട് : The Decision 

      ചി ല സന്ദർഭങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചേക്കാം. ചിലപ്പോഴൊക്കെ സാഹചര്യത്തിന്റെയോ പ്രലോഭനത്തിന്റെയോ സ്വരം ഈ തീരുമാനങ്ങളിൽ നിഴലിക്കാം.ഒരു പക്ഷേ ജീവിതത്തിന് തന്നെ വിരാമമിടാനും ഇത് കാരണമാകും.

        പത്രപ്രവർത്തകനായ സുധീപ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്നതായിരുന്നു പിറ്റേന്നത്തെ പ്രധാന വാര്‍ത്ത. കൊലപാതകം ഒരു അപകടമരണമായി ചിത്രീകരിക്കുകയായിരുന്നു എന്നത് വാസ്തവം. സാജൻ പണമൊഴുക്കിയപ്പോൾ ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ വാര്‍ത്തയ്ക്കനുകൂലമായി തയാറാക്കി. പ്രൊമോഷൻ വാഗ്ദാനം ചെയ്തപ്പോൾ കേസ് അന്വേഷിച്ച എസ്.ഐ. ഇതിനെ ഒരു അപകടമാക്കി അന്തിമ വിധിയെഴുതി.ഈ ഉദ്യോഗസ്ഥരെടുത്ത തീരുമാനത്തിൽ സുധീപിന് നഷ്ടമായത് നീതിയായിരുന്നു.

       ഈ സംഭവങ്ങളുടെ സത്യാവസ്ഥ എനിക്ക് സുധീപിന്റെ മിത്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. കിഷോറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു എന്ന് ഞാൻ മനസ്സിലാക്കി. 

         ഏകദേശം ഒരു വർഷത്തിനുശേഷം ഞാൻ നാട്ടിലെത്തി.അറിയപ്പെടുന്ന ഒരു പത്രത്തിൽ ജോലി ലഭിക്കാൻ നോർത്ത് ഇന്ത്യയിലെ എന്റെ എക്സ്പീരിയൻസ് സഹായിച്ചു.ആയിടെ കിഷോർ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇത് റിപ്പോർട്ട് ചെയ്യാൻ ഓഫീസിൽ നിന്ന് നിയോഗിച്ചത് എന്നെയായിരുന്നു.

          മാസങ്ങൾക്ക് ശേഷം ഇപ്പോൾ വാര്‍ത്തകളിൽ നിറഞ്ഞത് തുടരെത്തുടരെയുള്ള കൊലപാതക പരമ്പരതന്നെയാണ്. ഈ ദിവസങ്ങളിൽ ഭീതിയുടെ കാർമേഘം ഒരു നിഴൽപോലെ തന്നെ പിൻതുടരുന്നതായി പലർക്കും തോന്നി. ഭയത്തിന്റെ ഒരംശം ഉദയന്റെ മുഖത്തും വ്യക്തമായിരുന്നു.അതിനൊപ്പം തന്നെ ആശ്ചര്യവും. ലോകത്തിൽ വച്ചേറ്റവും നിസ്സഹായനാണ് താനെന്ന് അവൻ മനസ്സിലാക്കിയ നിമിഷം അതായിരുന്നു. 


To be continue. ....



Comments